---
title: "ഒരേ പരീശീലകന്റെ കീഴില്‍ താളമിട്ടവര്‍ ജില്ലാസ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരക്കാനെത്തുന്നു"
english_title: "Those who danced under the same coach reach Maturakan in the district school arts festival."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/81709/Those who danced under the same coach reach Maturakan in the district school arts festival."
published_at: "2022-11-23T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637e37bf0b4bf_OBIT_CARD_JPG.JPG"
keywords: []
---

# ഒരേ പരീശീലകന്റെ കീഴില്‍ താളമിട്ടവര്‍ ജില്ലാസ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരക്കാനെത്തുന്നു

> **Lead Summary:** **നടുവണ്ണൂര്‍: **ജില്ലാസ്‌കൂള്‍ കലോത്സവം ഒപ്പനയുടെ വേദിയില്‍ യവനിക ഉയരുമ്പോള്‍ നാല് ഉപജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം നേടി വരുന്ന മൊഞ്ചത്തികളുടെ ഒപ്പനപ്പാട്ടിന്റെ ഇശലുകള്‍ പകര്‍ന്നത് നാസര്‍ മാക്കണ്ടാരി.

## Article Content

**നടുവണ്ണൂര്‍: **ജില്ലാസ്‌കൂള്‍ കലോത്സവം ഒപ്പനയുടെ വേദിയില്‍ യവനിക ഉയരുമ്പോള്‍ നാല് ഉപജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം നേടി വരുന്ന മൊഞ്ചത്തികളുടെ ഒപ്പനപ്പാട്ടിന്റെ ഇശലുകള്‍ പകര്‍ന്നത് നാസര്‍ മാക്കണ്ടാരി.

പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി, മേലടി, കുന്നുമ്മല്‍, കൊയിലാണ്ടി, ചേവായൂര്‍ ഉപജില്ലകളിലെ യു.പി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ കാവുന്തറ സ്വദേശി നാസര്‍ മാക്കണ്ടാരി പഠിപ്പിച്ച ഒപ്പനക്കും വട്ടപ്പാട്ടിനും എ ഗ്രേഡും ആദ്യത്തെ മൂന്ന് സ്ഥാനവും.

നാല് ഉപജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം നേടി ജില്ലയില്‍ മാറ്റുരക്കുന്നത് ഒരേ പരീശീലകന്റെ കീഴില്‍ താളമിട്ടവര്‍. നന്നായി പാടി കളിക്കുന്നവര്‍ കിരീടമണിയട്ടെ എന്ന് നാസര്‍ മാഷ്.

സി.ബി.എസ്.ഇ വിഭാഗത്തില്‍ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും നാസര്‍ മാഷിന്റെ ഒപ്പന തന്നെ. മാപ്പിളകലാ അക്കാദമിയിലെ പഠനത്തിന് ശേഷം രണ്ടരപതിറ്റാണ്ടായി സ്‌കൂള്‍ കലോത്സവവേദിയില്‍ താളം പിഴയക്കാതെ കുട്ടികള്‍ക്കൊപ്പം ഇശലുകളുമായി നാസര്‍ മാഷ് ഉണ്ട്.

കോവിഡ് കാലത്ത് എല്ലാം നിശ്ചലമായപ്പോള്‍ കോണ്‍ക്രീറ്റ് ജോലിക്ക് ഇറങ്ങി ജീവിതത്തിന്റെ താളം മുറുക്കി. കലോത്സവ വേദികള്‍ ഉണര്‍ന്നപ്പോള്‍ മറ്റ് കലാകാരന്മാരെ പോലെ തിരക്കിലാണ് നാസര്‍ മാഷും.

മാപ്പിള കലയിലെ ഒപ്പനയെയും വട്ടപ്പാട്ടിനെയും നെഞ്ചിലേറ്റി അതിനായി ജീവിതംഅര്‍പ്പിച്ച നാസറിന് പിന്തുണയായി സുഹൃത്തുക്കളും സ്‌കൂള്‍ അധികൃതരും കുട്ടികളും ഉണ്ട്.

പരേതനായ മാക്കണ്ടാരി മൂസ്സക്കുട്ടി മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ. റജിന. മക്കള്‍ : നഹല്‍നുജു, മാസിം. സഹോദരി: നസീറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/81709/Those who danced under the same coach reach Maturakan in the district school arts festival.)